"സോഷ്യൽമീഡിയയിൽ സ്ത്രീകൾ സുരക്ഷിതരാണോ."എന്ന mopcയുടെ പോസ്റ്റ് കണ്ടപ്പോൾ സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ച് എഴുതണമെന്നുതോന്നി.
സോഷ്യൽമീഡിയയിൽ സ്ത്രീകളെന്നല്ല,സ്ത്രീകളും പുരുഷന്മാരും ഒരുപോലെ
തന്നെ സുരക്ഷിതരല്ല എന്ന് പറയേണ്ടിവരും.ഒരു email id ഉപയോഗിച്ച് എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന അക്കൗണ്ടുകൾ,മറ്റൊരാളുടെ ജീവിതത്തിൽ എത്രത്തോളം കൈകടത്തുന്നുവെന്ന് പറയാൻ കഴിയില്ല.
കൊറോണ വന്നതിനുശേഷം, വീടുകളിൽ ഒതുങ്ങിയിരിക്കേണ്ടി വന്നവർ ഫോണുകളിലാണ് സമയം ചെലവഴിക്കുന്നത്. ഇത് നന്നായി ബോധ്യമുള്ള ചിലർ,അതൊരു നല്ല അവസരമായി മുതലെടുത്തുവരുന്നു. ഓൺലൈൻ ക്ലാസ്സിന്റെ കടന്നുവരവോടെ,LKG
മുതലുള്ള കുട്ടികളുടെ കൈകളിൽ സ്ലേറ്റിനു പകരം സ്മാർട്ട്ഫോണും ടാബും ലാപ്ടോപ്പുമൊക്കെയായി.
കുട്ടികൾ മുതിർന്നവരേക്കാൾ ഫോണുപയോഗിക്കാൻ പഠിച്ചുവെന്ന് തന്നെ പറയാം.എന്റെ അറിവിൽ എട്ടുവയസ്സുള്ള കുട്ടിക്ക് വരെ ഇപ്പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ട്.ഒന്നല്ല,ഏകദേശം രണ്ടോ മൂന്നോ അക്കൗണ്ടുകൾ..
സ്വന്തം അക്കൗണ്ട് കൂടാതെ, റീൽസും ടിക്‌ടോക്കും ചെയ്തുനടക്കുന്നവരോടുള്ള ആരാധന മൂത്ത് തുടങ്ങിയ ഫാൻപേജുകളുമുണ്ട്.
ഇത്തരം പേജിലൂടെ ചതികൾ നേരിട്ടവർ കുറച്ചൊന്നുമല്ല.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതിരുന്നിട്ടും,മക്കളുടെ വിദ്യാഭ്യാസത്തിനു കോട്ടം തട്ടാതിരിക്കാൻ ലോണെടുത്തും,അടവിനെടുത്തും വാങ്ങിക്കൊടുത്തത് ശരിയായ രീതിയിലല്ല യഥാർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നത്.
എന്റെ പരിചയത്തിൽ ഒരു കൗൺസിലറുണ്ട്.കൂടുതൽ വിശദമായി പറഞ്ഞതും അദ്ദേഹം തന്നെ.ബാല്യത്തിന്റെ നിഷ്കളങ്കത പോലും കണക്കിലെടുക്കാതെ, അവരെ കെണിയിൽ അകപ്പെടുത്തുന്നവർ ഏറെയാണത്രെ.അവരുടെ മാനസികപീഡനങ്ങൾ താങ്ങാനാവാതെ,ചിരിയോ കളിയോ ഇല്ലാത്ത കുഞ്ഞുങ്ങളെ അദ്ദേഹം ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു.തന്റെ മക്കൾക്ക് തെറ്റുപറ്റില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് ഫോൺ കൈവിട്ടുകൊടുക്കുന്നതെങ്കിൽ ഓർക്കുക,ചതിയിൽപെടുത്താൻ നിരവധിപേർ തക്കം പാർത്തിരിപ്പുണ്ടെന്ന്.
ചതിയുമായി ഫോണിനപ്പുറം ഒരു പുരുഷനായിരിക്കണം എന്നില്ല, ഒട്ടേറെ സ്ത്രീകളുമുണ്ട്.ആഴ്ചകൾക്ക് മുൻപ്,ഉറ്റകൂട്ടുകാരിയെ രണ്ടുസ്ത്രീകൾ കൂടി പറ്റിച്ച വാർത്ത എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. പിടിക്കപ്പെടുമെന്നായപ്പോൾ,ആ സ്ത്രീകൾ ഭയന്ന് ആത്മഹത്യയും ചെയ്തു.സോഷ്യൽമീഡിയയിൽ പരിചയപ്പെട്ട കാമുകനുവേണ്ടി പ്രസവത്തിനുശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു.
നിരവധി സൈബർചതികൾ എന്നും വാർത്തയാണ്.
ഒരാളെ കണ്ണടച്ച് വിശ്വസിക്കാവുന്ന ഒരു ലോകമല്ല ഇന്നുള്ളത്. കണ്ടുകൊണ്ടിരിക്കുന്ന ആളുകളിൽനിന്ന് തന്നെ നിരവധി ചതികൾ നേരിട്ട്
കൊണ്ടിരിക്കുന്ന നമ്മൾ തീർച്ചയായും സൈബർഇടങ്ങളിലെ അജ്ഞാതനെയും ഭയപ്പെടണം.അപരിചിതർ മെസ്സേജ് അയക്കുമ്പോൾ, ഒന്നെങ്കിൽ അവോയ്ഡ് ചെയ്യാൻ പഠിക്കുക,അല്ലെങ്കിൽ കൂടുതൽ അടുക്കാതിരിക്കുക.
മെസ്സേജ് ചിലപ്പോൾ നല്ല വാക്കുകളാവാം. പക്ഷേ,അടുത്തുകൂടാൻ ശ്രമിക്കുന്ന അയാളുടെ ഉദ്ദേശം മനസ്സിലാക്കാൻ നമ്മൾക്കാവില്ല.
സ്വയം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കഴിയുന്നവർക്ക് ഇത്തരം ചതികളിൽനിന്നും ഒഴിഞ്ഞുമാറാൻ കഴിയും.
പക്ഷേ,ചെറിയ കുട്ടികൾക്ക് പക്വതയുണ്ടാവില്ലല്ലോ. അതിനാൽ,ഫോൺ,ലാപ്ടോപ് ഉപയോഗിക്കുന്ന കുട്ടികൾക്ക് മറ്റൊരാളുടെ ശ്രദ്ധ എളുപ്പത്തിൽ കിട്ടാവുന്ന സ്ഥലത്തേക്ക് പഠനസൗകര്യം നൽകാം.മുറി അടച്ചിട്ടു പഠിക്കാനുള്ള അവസരങ്ങൾ പരമാവധി ഒഴിവാക്കുക.ഇടയ്ക്ക് മാതാപിതാക്കൾ ഫോൺ പരിശോധിക്കുക.
ബാല്യത്തിന്റെ നിഷ്കളങ്കത ആരും മുതലെടുക്കാതിരിക്കട്ടെ..
ലോകം നന്മയുള്ളതാണെന്ന് തോന്നിയാലും കപടതയുമായി ജീവിക്കുന്നവരുണ്ടെന്ന് മനസിലാക്കുക.സൈബറിടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ പഠിച്ചാൽ തന്നെ ഇത്തരം ചതിക്കുഴികൾ പ്രതിരോധിക്കാൻ സാധിക്കും..
No comments:
Post a Comment