Followers

Wednesday, July 28, 2021

ദൈവത്തിനൊരു കത്ത്


ഭൂമിയിലേക്കുള്ള എന്റെ യാത്ര ഞാൻ അത്രയേറെ ആഗ്രഹിച്ചതാണ്.ആകാശത്തെ മാലാഖമാർ ഭൂമിയിലെ മനുഷ്യരുടെ സ്നേഹം വാഴ്ത്തിപാടിയപ്പോൾ എപ്പോഴോ ആഗ്രഹിച്ചുപോയി. അമ്മയുടെ ഉദരത്തിൽ എന്റെ ജന്മം ഉടലെടുത്ത മുതൽ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും.അമ്മ ഏട്ടന് താരാട്ട് പാടിയപ്പോൾ ആ രാഗത്തിൽ ഞാനും മയങ്ങിപ്പോയി.ഞാൻ ഉദരത്തിൽ ഉണ്ടെന്നറിഞ്ഞപ്പോൾ അമ്മയുടെ സന്തോഷം ഹൃദയതാളങ്ങളിൽ അലിഞ്ഞുചേർന്നിരുന്നു. അമ്മയുടെ ഹൃദയം പോലും മതിമറന്നു ആസ്വദിക്കുകയായിരുന്നു എന്റെ വരവ്. ഏട്ടനെന്നെ വാവേയെന്ന് വിളിച്ച് വയറിൽ കൈചേർത്തപ്പോൾ, ഒരുപാട് സന്തോഷായി. അച്ഛനും ഈ വിവരം അറിഞ്ഞതോടെ വീട് സന്തോഷത്താൽ മുങ്ങുന്നത് ഞാനറിഞ്ഞു.മധുരമുള്ളതും രുചിയേറിയതുമായ ഭക്ഷണങ്ങൾ അമ്മ എനിക്ക് പകുത്തുനല്കുന്നുണ്ടായിരുന്നു. സന്തോഷത്തിന്റെ നാളുകൾക്ക് വിരാമമിട്ടുകൊണ്ട്, ഒരുദിനം കടന്നുവന്നു. അമ്മ ഒന്നും കഴിക്കാതെയായി. എനിക്ക് നല്ല വിശപ്പ്‌ തോന്നി. മണിക്കൂറുകളോളം പട്ടിണി കിടന്നു. ഒരുതുള്ളി വെള്ളം പോലും കിട്ടാതെ, തീർത്തും അവശയായി. ഏട്ടന്റെ കളിചിരികളോ,അമ്മയുടെ തലോടലുകളോ ഇല്ലാതെ,മണിക്കൂറുകൾ കടന്നുപോയി. അമ്മയുടെ മനസ്സിന്റെ വേദന ഞാനറിയുന്നുണ്ടായിരുന്നു.

അമ്മയുടെ ഹൃദയം എനിക്കെന്തോ ആപത്തുവരുന്നെന്ന രീതിയിൽ അതിവേഗം മിടിക്കാൻ തുടങ്ങി.ഇതിനകം തന്നെ എന്റെ കുഞ്ഞിക്കാലുകളും കൈകളും തലയും ഒക്കെ വളർന്നു തുടങ്ങിയിരുന്നു. എന്തിനേറെ, എന്റെ കുഞ്ഞുഹൃദയം വരെ മിടിക്കാൻ തുടങ്ങി. അമ്മ മണിക്കൂറുകൾക്ക്ശേഷം ഭക്ഷണം കഴിച്ചു. എന്നിലെ വിശപ്പിന്റെ അഗ്നി പതിയെ കെട്ടടങ്ങി.അമ്മ പതിയെ എന്നോട് കൈചേർത്ത് വെച്ച് തേങ്ങിയത് ഞാനറിഞ്ഞു. എന്തിനാണിത്ര വേദനയെന്ന് മാത്രം ഞാനറിഞ്ഞില്ല.കുറച്ചു കഴിഞ്ഞപ്പോൾ, നിറയെ ആളുകളുള്ള എവിടെയോ എത്തിപ്പെട്ടതായി തോന്നി. ബഹളങ്ങൾ നിറഞ്ഞ എവിടെയോ? അമ്മയുടെ ബോധം മറയുന്നത് ഞാനറിഞ്ഞു. എങ്കിലും അമ്മയപ്പോഴും വിഷമിക്കുന്നത് ഞാനറിഞ്ഞു.മൂർച്ചയുള്ള കത്രികകളും കത്തിയും എനിക്ക് നേരെ പാഞ്ഞടുത്തു. ആദ്യം എന്റെ വളർന്നു തുടങ്ങിയ കുഞ്ഞിക്കാലുകളായിരുന്നു അവരുടെ ലക്ഷ്യം.ഭൂമിയിൽ പിച്ചവെച്ചു നടക്കാൻ കൊതിച്ച എന്റെ കുഞ്ഞിക്കാലുകൾ വെട്ടിയപ്പോൾ ഞാനൊന്ന് പിടഞ്ഞു. പിന്നെയെന്റെ ഏട്ടന്റെ കൈകളിൽ തൂങ്ങിനടക്കാൻ കൊതിച്ച എന്റെ കുഞ്ഞികൈകൾ അവർ വെട്ടിയെറിഞ്ഞു. ശബ്ദമോ, ചലനമോ ഇല്ലാത്ത ഞാനെങ്ങനെ അവരെ എതിർക്കും...
നിമിഷങ്ങൾക്കകം അവരെന്നെ വെട്ടിയരിഞ്ഞു.


നിമിഷനേരം കൊണ്ട് എന്റെ കുഞ്ഞുടലിൽ നിന്നും ആത്മാവ് വേർതിരിഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ചുറ്റും കൂടിയിരുന്ന ഡോക്ടറിൽ നിന്നുമറിഞ്ഞു പെണ്ണായി പിറക്കാൻ പോയതിന്റെ ശിക്ഷയാണ് ഞാനിപ്പോൾ അനുഭവിച്ചതെന്ന്. അച്ഛന് പെൺകുഞ്ഞിനെ വേണ്ടത്രേ. മനുഷ്യരൂപം പ്രാപിച്ചിരുന്നില്ലയെങ്കിലും എനിക്കൊരു ഹൃദയമുണ്ടായിരുന്നു, ഒരു മനസുണ്ടായിരുന്നു. സ്വന്തം രക്തം ആയിരുന്നിട്ടും, പെണ്ണായിപോയതിനു എന്നോടിങ്ങനെ ചെയ്ത അച്ഛനോട് അമർഷം തോന്നി.കൂടാതെ,പെൺമക്കളെ പൊന്നുപോലെ നോക്കുന്നവരോട് ബഹുമാനവും.വെട്ടിയെറിഞ്ഞ കുഞ്ഞുടൽ കുപ്പയിലെറിഞ്ഞപ്പോൾ, തെരുവുനായകൾ കടിച്ച് കുടഞ്ഞപ്പോൾ, മനുഷ്യനായി ജീവിക്കാൻ കൊതിച്ച നിമിഷങ്ങളെ ഞാൻ വെറുത്തു. അപ്പോഴും,അമ്മയെയും അച്ഛനെയും അറിയാതെ പോലും ശപിക്കാതിരിക്കാൻ ശ്രദ്ധിച്ചു. എന്തൊക്കെ പറഞ്ഞാലും എന്റെ അച്ഛനും അമ്മയുമല്ലേ !. എങ്ങനെ ഞാൻ ശപിക്കും?. ഇപ്പോൾ ഞാൻ മടങ്ങുകയാണ് എന്റെ ലോകത്തേക്ക്.എന്നെ കണ്ടയുടനെ മാലാഖമാർ ഓടിവന്നു. വേദനകൾ ഓടിമറഞ്ഞു. ഇവിടെയിരുന്ന് ഞാൻ കാണുന്നുണ്ട്,അമ്മയുടെ വിഷമം.അമ്മയ്‌ക്കൊരു കുഞ്ഞിനെ കൊടുക്കണേ ദൈവമേ... അല്ലെങ്കിൽ വേണ്ട, ഇനിയും അതൊരു പെൺകുഞ്ഞാണെങ്കിലോ !

അത്രയ്ക്കും വേദനയാണ് ദൈവമേ, ഉടൽ വെട്ടിയരിയുമ്പോൾ, പ്രാണൻ വിട്ടകലുമ്പോൾ,ആർക്കും വേണ്ടെന്നറിയുമ്പോൾ... ഇനി ഇതുപോലൊരാനുഭവും ഒരു പെൺകുഞ്ഞിനും വരാതിരിക്കട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു
                       എന്ന്
  ജനിക്കാതെ പോയ മാലാഖ

No comments:

Post a Comment

പ്രിയപ്പെട്ടവർക്കിത്തിരി സന്തോഷം നൽകിയാലോ.?

  നമ്മുടെ പിറന്നാൾ ഓർക്കുകയും,ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മയുടെ പിറന്നാളിന്,കെട്ടിപിടിച്ചൊരു wish പറഞ്ഞാലോ.! ഗിഫ്‌റ്റോ...