Followers

Friday, August 27, 2021

ആത്മഹത്യ




"എനിക്കിനി ജീവിക്കാൻ വയ്യ.!

എനിക്ക് മരിക്കണം.! അച്ഛനും അമ്മയും പറയുന്നപോലെ ജീവിക്കാനെനിക്ക്‌ കഴിയില്ല. ഞാൻ മരിച്ചിട്ട്‌,അവരൊരു പാഠം പഠിക്കട്ടെ ."

അന്നുണ്ടായ ചെറിയ വഴക്കിന്റെ വാശിപ്പുറത്തു അഞ്ജന ആത്മഹത്യ ചെയ്യാനുറപ്പിച്ചു.

  

രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ, അവൾ അടുക്കളയിലേക്ക് നടന്നു.മണ്ണെണ്ണയൊഴിച്ചു തീകൊളുത്താനായിരുന്നു പ്ലാൻ.


മണ്ണെണ്ണ ഒഴിക്കുന്നതിനുമുൻപ് അവളുടെ ഉപബോധമനസ്സ് അവളെ കളിയാക്കി.


"അസ്സലായിരിക്കുന്നു കുട്ടീ,കഴിഞ്ഞാഴ്ച കൈവെള്ളയിൽ ഒരുതുള്ളി വെളിച്ചെണ്ണ വീണതിന് വീട് തലകുത്തനെ വെച്ച നീയൊക്കെയാണോ മണ്ണെണ്ണയൊഴിച്ച് ചാവാൻ പോവുന്നത്."


"ശരിയാണ്.മണ്ണെണ്ണയൊഴിച്ച് 

ചാവാനുള്ള ധൈര്യമെനിക്കില്ല.!

അതുകൊണ്ട് ഇനി തൂങ്ങിമരിക്കാൻ നോക്കാം."


അയയിൽ കിടന്ന 

സാരിയെടുത്ത്‌ അവൾ മുറിയിൽ കയറി വാതിലടച്ചു.

സാരി ഫാനിൽ കെട്ടി,കഴുത്തിന് പാകമുള്ള കുരുക്കുണ്ടാക്കി.

സ്റ്റൂളെടുത്ത് വെച്ച് അതിനുമുകളിൽ കയറിനിന്ന്,കഴുത്തിൽ കുരുക്കുമുറുക്കി.സ്റ്റൂൾ പതിയെ കാലുകൊണ്ട് തട്ടിമാറ്റി.

കഴുത്തിലെ കുരുക്ക് മുറുകിയതും, അവൾ കൈയും കാലും ശക്തിയിൽ അടിക്കാൻ തുടങ്ങി.

ശ്വാസംമുട്ടുന്നതിന്റെ വെപ്രാളത്തിൽ,കുരുക്കഴിക്കാൻ അവൾ പരമാവധി ശ്രമിച്ചു.ശ്രമത്തിന്റെ ഫലമെന്നോണം,ഫാനിൽ കെട്ടിയിരുന്ന കെട്ട് എങ്ങനെയോ അഴിഞ്ഞു.കെട്ടഴിഞ്ഞപ്പോൾ ,

അഞ്ജന നിലത്തേക്ക് വീണു.


നിലച്ചുപോയെന്നുകരുതിയ ശ്വാസം വലിച്ചെടുത്ത്‌, ചുമരിനോട് ചേർന്നിരുന്ന് അവൾ സ്വയം പറഞ്ഞു.


"ഹോ ഇങ്ങനെ മരിച്ചവരൊക്കെ അപാരം തന്നെ.

കെട്ടിതൂങ്ങി ചാവാൻ ഇത്രയും ധൈര്യം വേണമായിരുന്നോ.?

എന്തായാലും മരിച്ചേ പറ്റൂ.ഇനി എന്തായാലും അടുത്ത വഴി നോക്കാം."


അഞ്ജന വാതിൽ തുറന്ന് ഹാളിലെത്തി.


"ഇന്നലെ ഷെൽഫിൽ കണ്ട 

ബ്ലേഡെടുത്തു ഞരമ്പുമുറിച്ചു മരിക്കാം.!"


ഷെൽഫിൽ നിന്ന് ബ്ലേഡെടുത്ത് കൈവെള്ളയിൽ വെച്ചു.


"ഇതിലിപ്പോ ഏത് ഞരമ്പു മുറിച്ചാലാണ് മരിക്ക.???

ചിലപ്പോ ഈ ഞരമ്പായിരിക്കും."


കൈതണ്ടയിൽ ബ്ലേഡ് വെച്ചതും,മൂർച്ചകൂടിയ ബ്ലേഡ്  ആഴ്ന്നിറങ്ങിയതും പൊടുന്നനെയായിരുന്നു.

ചോര പടർന്നപ്പോൾ, അഞ്ജന ബോധരഹിതയായി നിലത്തേക്ക് വീണു.


   **** ***** ****  ****

ഉണർന്നപ്പോൾ അവൾക്ക്മേൽ വെള്ളപുതപ്പിച്ചിട്ടുണ്ട്.അമ്മയും ചേച്ചിയും അലമുറയിട്ട് കരയുന്നുണ്ട്.അച്ഛൻ വാതിലിൽ ചാരിനിന്ന്,ഹൃദയം തകർന്ന് നിൽക്കുന്നുണ്ട്.

അമ്മയുടെയും ചേച്ചിയുടെയും കണ്ണുകൾ നീരുവെച്ച് വീർത്തിരുന്നു.


അമ്മയുടെ ഭംഗിയേറിയ കണ്ണുകൾ സജ്ജലമായിരുന്നു.


എപ്പോഴും വഴക്കിട്ടിരുന്ന ചേച്ചി എങ്ങലടിക്കുന്നത് കണ്ട് അവൾക്ക് സഹിക്കാനായില്ല.


 ചേച്ചിയുടെ ചുണ്ടിലെപ്പോഴും പുഞ്ചിരിയുടെ ലാഞ്ചനയുണ്ടാവുമായിരുന്നു . പക്ഷേ,ഇന്നത്തൊട്ടും കാണാത്തപ്പോൾ,അവൾക്ക്‌ വിഷമം തോന്നി.


കട്ടചങ്കായ അച്ഛൻ അവൾക്കെന്നും അഹങ്കാരമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവനെപോലെ നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ, എത്രവലിയ മണ്ടത്തരമാണ് താൻ ചെയ്തതെന്നവൾക്ക് മനസ്സിലായി.!


കണ്ണുകൾ നിറഞ്ഞൊഴുകി,നനവ് പടർന്നപ്പോൾ,അവൾ ഞെട്ടിയെഴുന്നേറ്റു.


"അപ്പൊ ഞാൻ ശരിക്കും മരിച്ചില്ലായിരുന്നോ."

അവൾക്കൊട്ടും വിശ്വാസം വരുന്നില്ലായിരുന്നു.


കൈയിലെ മുറിവ് നോക്കിയപ്പോൾ,ചെറിയൊരു മുറിവ് മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ.


ചോരയും മുറിവും കണ്ട വെപ്രാളത്തിൽ തലകറങ്ങിവീണതായിരുന്നു അവൾ.


ജീവിതം വാശിപുറത്തു അവസാനിപ്പിക്കാൻ ഉള്ളതല്ലെന്നും,ആത്മഹത്യ പ്രിയപ്പെട്ടവരുടെ മനസ്സിന്റെ മരണമാണെന്നും,അവൾക്ക് ബോധ്യമായി.

അവൾ ദൈവത്തോട് നന്ദി പറഞ്ഞു,ഒരു സ്വപ്നത്തിലൂടെ അവൾക്കെല്ലാം വെളിപ്പെടുത്തി നല്കിയതിന്.!!

No comments:

Post a Comment

പ്രിയപ്പെട്ടവർക്കിത്തിരി സന്തോഷം നൽകിയാലോ.?

  നമ്മുടെ പിറന്നാൾ ഓർക്കുകയും,ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മയുടെ പിറന്നാളിന്,കെട്ടിപിടിച്ചൊരു wish പറഞ്ഞാലോ.! ഗിഫ്‌റ്റോ...