Followers

Wednesday, September 15, 2021

പ്രിയപ്പെട്ടവർക്കിത്തിരി സന്തോഷം നൽകിയാലോ.?


 


നമ്മുടെ പിറന്നാൾ ഓർക്കുകയും,ദീർഘായുസിനു

വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മയുടെ

പിറന്നാളിന്,കെട്ടിപിടിച്ചൊരു

wish പറഞ്ഞാലോ.!


ഗിഫ്‌റ്റോ,കേക്കോ,

സർപ്രൈസോ ഒന്നുമില്ലെങ്കിലും അമ്മ ഒരുപാട് സന്തോഷിക്കും.! അല്ലേ.?


നന്നായി പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങിയാൽ,

നമ്മൾക്ക് വേണ്ടി

കഷ്ടപ്പെടുന്ന അച്ഛന്

ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ടാകും.


'താൻ ഒരുപാടദ്ധ്വാനിച്ചുവെങ്കിലും,

തന്റെ മക്കൾ നല്ല നിലയിലെത്തിയല്ലോ' എന്നോർത്ത് അച്ഛൻ അത്രമേൽ 

സന്തോഷവാനായിട്ടുണ്ടാകും.!


വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകളിൽ കഴിയുന്ന മുത്തശ്ശനും,മുത്തശ്ശിക്കും നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുമ്പോൾ അവർക്കെത്ര സന്തോഷമാകും.!!


വാർദ്ധക്യത്തിന്റെ അവശതയിലും നമ്മൾ കൂടെനിൽക്കുമ്പോൾ അവരൊരുപാട് അഭിമാനിച്ചിരിക്കും.!


അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ഇത്തിരി

നേരം അവരിലൊരാളായി നിൽക്കുമ്പോൾ,അവരെത്ര സന്തോഷിച്ചിരിക്കും.!!


ആരോരും തേടിവരാനില്ലാത്ത അവർക്ക് ആരൊക്കെയോ ഉണ്ടെന്നൊരു പ്രതീക്ഷ മുളപൊട്ടിയിട്ടുണ്ടാകില്ലേ.!!

പാലിയേറ്റീവ് കെയറിൽ രോഗതുരരായി,മരണം കാത്തുകിടക്കുന്നുവെന്ന് സ്വയം വിശ്വസിക്കുന്നവർക്കിടയിൽ,

ആത്മവിശ്വാസത്തോടെ കുറച്ച് നേരം സംസാരിക്കണം.!!


ജീവിതത്തിൽ നേരിയ പ്രതീക്ഷയെങ്കിലും അവരുടെ കണ്ണിൽ തെളിയിക്കാനായാൽ, അവരൊരുപാട് സന്തോഷിച്ചിട്ടുണ്ടാകും.!

അതിൽ നമ്മൾക്കെത്ര സന്തോഷിക്കാനാവും.!!


സ്വന്തം ജീവിതത്തിൽമാത്രം കൊണ്ടുവരാനാവുന്ന ഒന്നല്ല സന്തോഷം.!!!

അത് മറ്റുള്ളവരിലേക്ക് കൂടെ പകരാനുള്ളതാണ്..!!!


Let's spread happiness ❤️

ചിത്രശലഭം


 ചിത്രശലഭം


അമ്മപ്പൂമ്പാറ്റ റോസാചെടിയുടെ ഇലയുടെ മുകളിൽ മുട്ടയിട്ട് പോകുമ്പോൾ,അതിലൊന്നിൽ ഞാനുമുണ്ടായിരുന്നു..


ലോലമായ കുഞ്ഞുമുട്ടകൾക്ക്‌ നേരെ റോസാമുള്ളുകൾ കൂർത്തിരിപ്പുണ്ടായിരുന്നു..

ഇളംകാറ്റിൽ ആടിയുലഞ്ഞപ്പോൾ,

അരികിലുള്ളവയെല്ലാം പൊട്ടിപ്പോയി.

അപ്പോൾ കൂടുതൽ

കരുതലോടെ ഞാനിരുന്നു..

ഭാഗ്യത്തിന് എനിക്കൊന്നും സംഭവിച്ചില്ല.


കുറച്ച്ദിവസത്തിന് ശേഷം,

ഞാനൊരു പുഴുവായി. റോസാചെടിയുടെ കുറെ ഇലകൾ കഴിച്ചിട്ടും എന്റെ വിശപ്പടങ്ങിയില്ല.!


അപ്പോഴാണ്, റോസാചെടിയുടെ ഉടമ എന്നരികിലേക്ക് വന്നത്. അവർ എന്നെ ചെടിയിൽനിന്നും തട്ടിയെറിഞ്ഞു.

നിലത്തുവീണപ്പോൾ എനിക്കൊരുപാട് വേദനിച്ചു.


എങ്ങനെയൊക്കെയോ, അടുത്തുള്ള

കുഞ്ഞൻചെടിയിൽ കയറിപ്പറ്റി.

അവിടെ എത്തിയതും ഓന്തും, അരണയുമെന്ന് വേണ്ട,

കിളികൾവരെ എന്നെ ഭക്ഷണമാക്കാൻ തക്കം പാർത്തിരുന്നു.


ഒരിലയുടെ മറവിൽ ഒളിച്ചിരുന്നവയെ പ്രതിരോധിച്ചു.

പിന്നീട് ഞാനൊരു ലാർവയായി.

അനങ്ങാൻപോലും കഴിയാതെ,

വിശപ്പടക്കി കുറച്ച്

ദിനരാത്രങ്ങൾ കടന്നുപോയി.


ഒരുദിവസം,ചുറ്റുമുള്ള ആവരണം അടർന്നുമാറി.എന്റെ ഭംഗിയേറിയ ചിറകുകൾ കണ്ടപ്പോൾ എനിക്കൊരുപാട് സന്തോഷായി..

ഇലയുടെ അനക്കം കണ്ടിട്ടാക്കണം,

അപ്പുറത്തുനിന്നൊരു ഓന്ത് തലയിട്ടുനോക്കി.

ഇരയെ കണ്ട സന്തോഷത്തിൽ അത് ചാടിച്ചാടി വരുന്നത് ഞാൻ കണ്ടു.


ചിറകുകൾ വിടർത്തി പറന്നുയരാമെന്ന് കരുതിയെങ്കിലും,ശ്രമം വിഫലമായി.

ചിറകുകൾ പരസ്പരം

ഒട്ടിച്ചേർന്ന് കിടക്കുകയായിരുന്നു.


മരണത്തെ മുഖാമുഖം കാണാൻ തുടങ്ങിയതും,അവസാനമായി ഒന്നുകൂടെ ശ്രമിച്ചു.


ചിറകുകൾ വിടർന്ന് വായുവിലേക്ക് ഉയർന്നുപൊങ്ങി.

അതിരറ്റ സന്തോഷത്തിൽ ചുറ്റും പാറിനടന്നു..


ഇപ്പോഴെനിക്ക് ലോകം കാണാം..

തോറ്റുപിന്മാറിയിരുന്നെങ്കിൽ, ഓന്തിന്റെ ഭക്ഷണമായിതീരുമായിരുന്നു.


പരിശ്രമത്തേക്കാൾ മഹത്തരമായതൊന്നും ഈ ലോകത്ത് നിലനിൽക്കുന്നില്ല..


വെല്ലുവിളികളും,

പരീക്ഷണങ്ങളുമുള്ള ജീവിതത്തിൽ വിജയത്തിനൊരുപാട് മഹത്വമുണ്ട്..


തോൽവിയൊക്കെ സാധാരണമാടോ,ജയിച്ചു കാണിക്കാനാ പാട്.!


അങ്ങനെ ഒരിക്കൽ ജയിക്കാൻ കഴിഞ്ഞാൽ,മുന്നോട്ടുള്ള ജീവിതത്തിനെപ്പോഴും മങ്ങാത്ത ശോഭയായിരിക്കും..

Friday, August 27, 2021

ആത്മഹത്യ




"എനിക്കിനി ജീവിക്കാൻ വയ്യ.!

എനിക്ക് മരിക്കണം.! അച്ഛനും അമ്മയും പറയുന്നപോലെ ജീവിക്കാനെനിക്ക്‌ കഴിയില്ല. ഞാൻ മരിച്ചിട്ട്‌,അവരൊരു പാഠം പഠിക്കട്ടെ ."

അന്നുണ്ടായ ചെറിയ വഴക്കിന്റെ വാശിപ്പുറത്തു അഞ്ജന ആത്മഹത്യ ചെയ്യാനുറപ്പിച്ചു.

  

രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ, അവൾ അടുക്കളയിലേക്ക് നടന്നു.മണ്ണെണ്ണയൊഴിച്ചു തീകൊളുത്താനായിരുന്നു പ്ലാൻ.


മണ്ണെണ്ണ ഒഴിക്കുന്നതിനുമുൻപ് അവളുടെ ഉപബോധമനസ്സ് അവളെ കളിയാക്കി.


"അസ്സലായിരിക്കുന്നു കുട്ടീ,കഴിഞ്ഞാഴ്ച കൈവെള്ളയിൽ ഒരുതുള്ളി വെളിച്ചെണ്ണ വീണതിന് വീട് തലകുത്തനെ വെച്ച നീയൊക്കെയാണോ മണ്ണെണ്ണയൊഴിച്ച് ചാവാൻ പോവുന്നത്."


"ശരിയാണ്.മണ്ണെണ്ണയൊഴിച്ച് 

ചാവാനുള്ള ധൈര്യമെനിക്കില്ല.!

അതുകൊണ്ട് ഇനി തൂങ്ങിമരിക്കാൻ നോക്കാം."


അയയിൽ കിടന്ന 

സാരിയെടുത്ത്‌ അവൾ മുറിയിൽ കയറി വാതിലടച്ചു.

സാരി ഫാനിൽ കെട്ടി,കഴുത്തിന് പാകമുള്ള കുരുക്കുണ്ടാക്കി.

സ്റ്റൂളെടുത്ത് വെച്ച് അതിനുമുകളിൽ കയറിനിന്ന്,കഴുത്തിൽ കുരുക്കുമുറുക്കി.സ്റ്റൂൾ പതിയെ കാലുകൊണ്ട് തട്ടിമാറ്റി.

കഴുത്തിലെ കുരുക്ക് മുറുകിയതും, അവൾ കൈയും കാലും ശക്തിയിൽ അടിക്കാൻ തുടങ്ങി.

ശ്വാസംമുട്ടുന്നതിന്റെ വെപ്രാളത്തിൽ,കുരുക്കഴിക്കാൻ അവൾ പരമാവധി ശ്രമിച്ചു.ശ്രമത്തിന്റെ ഫലമെന്നോണം,ഫാനിൽ കെട്ടിയിരുന്ന കെട്ട് എങ്ങനെയോ അഴിഞ്ഞു.കെട്ടഴിഞ്ഞപ്പോൾ ,

അഞ്ജന നിലത്തേക്ക് വീണു.


നിലച്ചുപോയെന്നുകരുതിയ ശ്വാസം വലിച്ചെടുത്ത്‌, ചുമരിനോട് ചേർന്നിരുന്ന് അവൾ സ്വയം പറഞ്ഞു.


"ഹോ ഇങ്ങനെ മരിച്ചവരൊക്കെ അപാരം തന്നെ.

കെട്ടിതൂങ്ങി ചാവാൻ ഇത്രയും ധൈര്യം വേണമായിരുന്നോ.?

എന്തായാലും മരിച്ചേ പറ്റൂ.ഇനി എന്തായാലും അടുത്ത വഴി നോക്കാം."


അഞ്ജന വാതിൽ തുറന്ന് ഹാളിലെത്തി.


"ഇന്നലെ ഷെൽഫിൽ കണ്ട 

ബ്ലേഡെടുത്തു ഞരമ്പുമുറിച്ചു മരിക്കാം.!"


ഷെൽഫിൽ നിന്ന് ബ്ലേഡെടുത്ത് കൈവെള്ളയിൽ വെച്ചു.


"ഇതിലിപ്പോ ഏത് ഞരമ്പു മുറിച്ചാലാണ് മരിക്ക.???

ചിലപ്പോ ഈ ഞരമ്പായിരിക്കും."


കൈതണ്ടയിൽ ബ്ലേഡ് വെച്ചതും,മൂർച്ചകൂടിയ ബ്ലേഡ്  ആഴ്ന്നിറങ്ങിയതും പൊടുന്നനെയായിരുന്നു.

ചോര പടർന്നപ്പോൾ, അഞ്ജന ബോധരഹിതയായി നിലത്തേക്ക് വീണു.


   **** ***** ****  ****

ഉണർന്നപ്പോൾ അവൾക്ക്മേൽ വെള്ളപുതപ്പിച്ചിട്ടുണ്ട്.അമ്മയും ചേച്ചിയും അലമുറയിട്ട് കരയുന്നുണ്ട്.അച്ഛൻ വാതിലിൽ ചാരിനിന്ന്,ഹൃദയം തകർന്ന് നിൽക്കുന്നുണ്ട്.

അമ്മയുടെയും ചേച്ചിയുടെയും കണ്ണുകൾ നീരുവെച്ച് വീർത്തിരുന്നു.


അമ്മയുടെ ഭംഗിയേറിയ കണ്ണുകൾ സജ്ജലമായിരുന്നു.


എപ്പോഴും വഴക്കിട്ടിരുന്ന ചേച്ചി എങ്ങലടിക്കുന്നത് കണ്ട് അവൾക്ക് സഹിക്കാനായില്ല.


 ചേച്ചിയുടെ ചുണ്ടിലെപ്പോഴും പുഞ്ചിരിയുടെ ലാഞ്ചനയുണ്ടാവുമായിരുന്നു . പക്ഷേ,ഇന്നത്തൊട്ടും കാണാത്തപ്പോൾ,അവൾക്ക്‌ വിഷമം തോന്നി.


കട്ടചങ്കായ അച്ഛൻ അവൾക്കെന്നും അഹങ്കാരമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവനെപോലെ നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ, എത്രവലിയ മണ്ടത്തരമാണ് താൻ ചെയ്തതെന്നവൾക്ക് മനസ്സിലായി.!


കണ്ണുകൾ നിറഞ്ഞൊഴുകി,നനവ് പടർന്നപ്പോൾ,അവൾ ഞെട്ടിയെഴുന്നേറ്റു.


"അപ്പൊ ഞാൻ ശരിക്കും മരിച്ചില്ലായിരുന്നോ."

അവൾക്കൊട്ടും വിശ്വാസം വരുന്നില്ലായിരുന്നു.


കൈയിലെ മുറിവ് നോക്കിയപ്പോൾ,ചെറിയൊരു മുറിവ് മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ.


ചോരയും മുറിവും കണ്ട വെപ്രാളത്തിൽ തലകറങ്ങിവീണതായിരുന്നു അവൾ.


ജീവിതം വാശിപുറത്തു അവസാനിപ്പിക്കാൻ ഉള്ളതല്ലെന്നും,ആത്മഹത്യ പ്രിയപ്പെട്ടവരുടെ മനസ്സിന്റെ മരണമാണെന്നും,അവൾക്ക് ബോധ്യമായി.

അവൾ ദൈവത്തോട് നന്ദി പറഞ്ഞു,ഒരു സ്വപ്നത്തിലൂടെ അവൾക്കെല്ലാം വെളിപ്പെടുത്തി നല്കിയതിന്.!!

ഒരുപക്ഷേ, എഴുത്തുകാർ ഇല്ലായിരുന്നെങ്കിലോ.!

 



നിങ്ങളുടെ സന്തോഷങ്ങളെക്കുറിച്ച്, ദുഃഖങ്ങളെക്കുറിച്ച്, പ്രണയത്തെക്കുറിച്ച്, നഷ്ടപ്രണയത്തെക്കുറിച്ച്...

ആരെഴുതുമായിരുന്നു.?


നന്മകളും സന്ദേശങ്ങളും നിറഞ്ഞ സ്നേഹത്തിന്റെ കഥകൾ ലോകത്ത്‌ ഉണ്ടാകുമായിരുന്നോ.?


വരണ്ടുണങ്ങിയ മനസിൽ ഒരുകുളിർ മഴപോലെ കവിതകളുടെ ഈരടികൾ പെയ്തിറങ്ങുമായിരുന്നോ.?


നിങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുന്ന,തന്റെ ജീവിതത്തിലേതെന്ന് തോന്നിപോകുന്ന ആ വരികൾ

എവിടെയെങ്കിലും രചിക്കപെടുമായിരുന്നോ.?


സമൂഹം ഏറ്റുപറഞ്ഞില്ലെങ്കിലും, സമൂഹത്തിൽ നടക്കുന്ന ഉച്ചനീച്ചത്വങ്ങളെ തുറന്നടിച്ചുപറയാൻ പേനകൾ ചലിക്കുമായിരുന്നോ.?


ഏകാന്തതയിലും കൂട്ടുകാരാവുന്ന എഴുത്തുകൾ ആരുടെയും മനസിൽ മുളപൊട്ടുമായിരുന്നോ.?


ജീവിതം കൈവിട്ടുപോകുന്ന നിമിഷങ്ങളിൽ, എഴുത്തുകൾ തുണയാകുമായിരുന്നോ.?


ഇതൊന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.

എങ്കിലും ചിലതറിയാം..


ലോകത്ത് നന്മയുടെ വെളിച്ചം പടരില്ലായിരുന്നു..


തുറന്നുപറയാനാളില്ലാതെ, അനീതികൾ പലരും കണ്ടില്ലയെന്ന് നടിക്കേണ്ടിവരുമായിരുന്നു..


ഏകാന്തതയ്ക്ക് കൂട്ടിരിക്കാൻ പുസ്തകങ്ങളില്ലാതെ,ജീവിതം ദുസഹമാകുമായിരുന്നു.

അറിവുകൾ ചിലരിൽ മാത്രമൊതുങ്ങി,അവസാനം അവരിലേക്ക് തന്നെ ഒടുങ്ങുമായിരുന്നു.!


അവരില്ലെങ്കിൽ,കാറ്റും,മഴയും പുഴയും,കടലും,മരങ്ങളും,

പച്ചപ്പും ഭൂമിയിൽ തളരിതമാകുമായിരുന്നില്ല.!


നിലാവുള്ള രാത്രികൾക്ക് ഇത്രയും ഭംഗിയുണ്ടെന്ന് നമ്മൾ തിരിച്ചറിയുമായിരുന്നില്ല.!


സ്വപ്നങ്ങൾ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമായിരുന്നില്ല.!


വിഷമതകളിൽ തളർന്നുപോകുന്നവരെ താങ്ങിപിടിക്കാൻ പുസ്തകത്തിന്റെ കൈകളുണ്ടാകുമായിരുന്നില്ല.!


മനുഷ്യമനസ്സിൽ ഇത്രയും സ്നേഹം ഉടലെടുക്കുമായിരുന്നില്ല.!


പ്രതീക്ഷകളെന്തെന്നറിയാതെ, സന്തോഷമെന്തെന്നറിയാതെ,

എല്ലാവരും അവരവരിലേക്ക് തന്നെ ഒതുങ്ങിതീരുമായിരുന്നു.!


അങ്ങനെ,അങ്ങനെ...

അവസാനം...


മനുഷ്യന്റെ മനസ് മരുഭൂമി കണക്കെ വറ്റിവരണ്ടുപോയേനെ.!!


എല്ലാ എഴുത്തുകാരേയും പ്രണമിക്കുന്നു.!!

ലോകനന്മകൾ നിങ്ങളാൽ എഴുതപ്പെട്ടതിന്..

സ്നേഹം മറ്റുള്ളവരിലേക്ക് പരത്തിയതിന്...

വരികളിലൂടെ,മനസ്സിൽ സ്വപ്നവും പ്രതീക്ഷകളും വളർത്തിയതിന്..

അങ്ങനെ എല്ലാത്തിനും നന്ദി.!!

എന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പേട്ടന്.!!




അയാൾ മുറിയിലേക്ക് കയറിയപ്പോൾ,മുറി മുഴുവൻ അവളുടെ ഗന്ധമായിരുന്നു. മേശപ്പുറത്തുള്ള അവളുടെ കൊച്ചുഡയറിയിലൂടെ വിരലോടിച്ചപ്പോൾ,അയാളിൽ ഒരുപുഞ്ചിരി വിരിഞ്ഞു.

ഡയറി കയ്യിലെടുത്ത്‌ അയാൾ പേജ് മറിക്കാൻ തുടങ്ങി. ആദ്യ പേജ് മറിച്ചപ്പോൾതന്നെ കണ്ടു,വലിയ അക്ഷരങ്ങളാൽ കോറിയിട്ട പേര് "ഹരിപത്മനാഭൻ".

അതിനടിയിലായി ചെറിയ അക്ഷരങ്ങളാൽ എഴുതിച്ചേർത്തിട്ടിട്ടുണ്ടായിരുന്നു.

"എന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പേട്ടന്"


അതുകണ്ടപ്പോൾ,അവളെ ആദ്യമായി കണ്ടതയാൾക്ക് ഓർമ്മവന്നു. ദേവിയെപോലെ ഐശ്വര്യം തുളുമ്പുന്ന അമ്മയായിരുന്നു ഹരിയുടേത്.


ഒരിക്കൽ അമ്മ എവിടെയോ പോയിവന്നപ്പോൾ, അമ്മയുടെ വിരലിൽ തൂങ്ങിവന്നതാണവൾ.!


മൈഥിലി.!!

പ്രിയപ്പെട്ടവരെല്ലാം മാളുവെന്ന് വിളിക്കുന്നതാണവൾക്കിഷ്ടം.!


അമ്മയുടെ ഏതോവകയിൽപ്പെട്ട അമ്മാവന്റെ മകൾ.!

അമ്മാവൻ ദീനം വന്നുകിടന്നപ്പോൾ,അവൾക്കാരുമില്ലാതായി. ആരോരും തുണയില്ലാത്ത അവളെ എന്റമ്മ വീട്ടിലേക്ക് കൊണ്ടുവന്നു.


അന്നവൾക്ക് പതിനാലോ പതിനഞ്ചോ പ്രായം കാണും.

അമ്മ അവളെ താലോലിക്കുന്നത് എന്നിൽ അസൂയയുണ്ടാക്കി.

അവളെ കണ്മുമ്പിൽ കാണുമ്പോൾ അറിയാതെ തന്നെ ഞാൻ രോഷം കൊള്ളുമായിരുന്നു.


അയൽപ്പക്കത്തെ കുട്ടികൾക്ക് തന്നെ ഏറെപ്രിയമായിരുന്നു.അവൾ വന്നതിൽപിന്നെ,അവളായി അവരുടെ കൂട്ട്.സത്യം പറഞ്ഞാൽ, നാട്ടാർക്കും വീട്ടാർക്കും കൂട്ടുകാർക്കും അവളെ മതി.


ഒരിക്കൽ എന്റെ ഡയറിയിൽ അവൾ "പപ്പേട്ടൻ." എന്നെഴുതി.അതുകണ്ടപ്പോൾ, ദേഷ്യം നിയന്ത്രിക്കാനാവാതെ,അവളുടെ മുറിയിലുണ്ടായിരുന്ന പെട്ടിയും പുസ്തകങ്ങളുമെല്ലാം വാരിയെറിഞ്ഞു.


ചിന്നിത്തെറിച്ച മഞ്ചാടിമണികളും കുന്നിക്കുരുക്കളും മുറിമുഴുവൻ പരന്നു.അവളുടെ പ്രാന്ത് പിടിച്ച ശേഖരങ്ങൾ നിമിഷനേരംകൊണ്ട്

ഞാൻ തട്ടിയെറിഞ്ഞു.മുറിയിലെ ശബ്ദംകേട്ട് ഓടിയെത്തിയ അവളെ കാണിക്കാൻ വേണ്ടി മേശപ്പുറത്തിരുന്ന ഒരു ഫോട്ടോഫ്രെയിം നിലത്തെറിഞ്ഞുപൊട്ടിച്ചു.


കരച്ചിലിന്റെ ചീളുകൾ കാതോരമെത്തിയപ്പോളാണ് സ്വബോധം തിരിച്ചെത്തിയത്.

നിലത്തെറിഞ്ഞുപൊട്ടിച്ചത് മരിച്ചുപോയ അവളുടെ അമ്മയുടെ ചിത്രമായിരുന്നു.


എന്തുപറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി.ചമ്രംപടിഞ്ഞ് അവൾക്കരികിലിരുന്നു.

കരഞ്ഞുകലങ്ങിയ ഉണ്ടക്കണ്ണുകളിൽ സങ്കടത്തിന്റെ ഒരു കടൽ തന്നെ അലയടിക്കുന്നുണ്ടായിരുന്നു. കത്തുന്ന ഒരുനോട്ടം സമ്മാനിച്ചവൾ വരാന്തയിലൂടെ ഓടിമറഞ്ഞു.

പൊട്ടിയ ഫോട്ടോയുമായി ഞാനെന്റെ മുറിയിലേക്ക് നടന്നകലുമ്പോൾ പേരറിയാത്തൊരു നൊമ്പരം എന്നിൽ പൊട്ടിവിടർന്നിരുന്നു.


നാലഞ്ചുദിവസത്തിന് ശേഷം, ഫോട്ടോ ശരിയാക്കി,മുറിയിലെ ഭിത്തിയിൽ തൂക്കികൊടുത്തു. അന്നവളുടെ കണ്ണുകൾക്ക് നക്ഷത്രതിളക്കമായിരുന്നു.


പിന്നീട് ഊണുകഴിക്കുമ്പോൾ, വരാന്തയിൽ ഇളംകാറ്റേറ്റ് കിടക്കുമ്പോൾ,ചാരുകസേരയിലിരിക്കുമ്പോൾ,ആ കണ്ണുകൾ എന്നെ തേടിയെത്താറുണ്ടായിരുന്നു. സത്യംപറഞ്ഞാൽ,മൈഥിലിയെ.!അല്ല,എന്റെ മാളുവിനെ ഞാൻ സ്നേഹിച്ചുതുടങ്ങുകയായിരുന്നു.


ഒരിക്കൽ അമ്മയുടെ മടിയിൽ കിടന്ന് ഞാൻ സംസാരിക്കുകയായിരുന്നു.അന്ന് അമ്മ പറഞ്ഞവാക്കുകളിൽ ഞാൻ അങ്ങേയറ്റം തളർന്നുപോയി.


"നീയും മാളുവും എന്റെ മക്കളാ.!

മാളുവിനെ സ്വന്തം അനിയത്തിയായി കണ്ട് അവൾക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കണം. അത് നിന്റെ കടമയാണ്."

അമ്മ അങ്ങനെ പറഞ്ഞപ്പോൾ, ഹൃദയം തകർന്നുപോയി.


അമ്മ പറഞ്ഞതുപോലെ അനിയത്തിയായി കാണേണ്ടവളിൽ തന്റെ പ്രണയം കണ്ടെത്തിയതിൽ ലജ്ജ തോന്നി.


പിന്നീട് മനസ്സിനെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു.

മാളു തന്റെ അനിയത്തിയാണെന്ന്.!


ഒരിക്കൽ മാളു തന്റെയരികിൽ വന്നുനിന്നു. കുറച്ച് കഴിഞ്ഞപ്പോൾ,പാതിവിരിഞ്ഞ റോസാപ്പൂവ് അവളെനിക് നേരെ നീട്ടി.

"പപ്പേട്ടനെ എനിക്കൊത്തിരി ഇഷ്ടാ."

അതുംപറഞ്ഞവൾ കൊലുസ് കിലുക്കികൊണ്ട് എങ്ങോട്ടോ ഓടിമറഞ്ഞു.


അതിൽപ്പിന്നെ ഞാൻ അവളെ അവഗണിച്ചു.വീട്ടിൽ ഉറങ്ങാൻ നേരംമാത്രം വന്നാലായി.


ഒരുദിവസം അവളെന്നോട് വന്നുപറഞ്ഞു.

"ഞാൻ എങ്ങോട്ടേലും പൊയ്ക്കോളാം.പപ്പേട്ടൻ ഈ വീട്ടിലുണ്ടാവണം.ഞാൻ കാരണം ഇവിടം വിട്ടുപോയാൽ ഈ ചുമരുകൾക്കിടയിൽ ഞാൻ ശ്വാസംമുട്ടിമരിച്ചുപോവും."

അവൾ തേങ്ങികരഞ്ഞു.


അരുതാത്തതെന്തോ കേട്ടപോലെ അവളുടെ വാ ഞാൻ പൊത്തിപിടിച്ചു.


അവളുടെ കണ്ണുകളിൽ,ഒട്ടും മായമില്ലാത്ത നിഷ്കളങ്കമായ സ്നേഹപ്രവാഹം ഞാൻ കണ്ടു.

വേഗം തിരിഞ്ഞു നടന്നു.

അധികനേരം അവിടെനിന്നാൽ തന്റെയുള്ളിലെ സ്നേഹം പിടിക്കപ്പെടുമെന്നെനിക്ക്‌ തോന്നി.

കുറച്ചുനാളുകൾക്ക്ശേഷം അവൾക്ക് തീരെ വയ്യാണ്ടായി. സ്ഥിരമായി അപസ്മാരം വന്നപ്പോൾ,ഡോക്ടർ തല സ്കാനിങ് ചെയ്യാൻ പറഞ്ഞു.

സ്കാനിങ് കഴിഞ്ഞപ്പോളറിഞ്ഞു, അവൾക്ക് തലയിൽ ട്യൂമറുണ്ടെന്ന്.അവളുടെ എണ്ണപ്പെട്ട നാളുകളെ കുറിച്ച് ഡോക്ടർ പറഞ്ഞപ്പോൾ, മനസ് കലങ്ങിമറിഞ്ഞു.


പാതിമയക്കത്തിലായിരുന്ന അവളുടെ നെറ്റിയിൽ തലോടി പോകാനൊരുങ്ങവേ,കയ്യിലൊരു പിടിവീണു.

അത് അമ്മയായിരുന്നു .


"നിനക്കവളെ ഇഷ്ടമായിരുന്നുവല്ലേ.?"

നിറഞ്ഞകണ്ണുകൾ കൊണ്ട് മറുപടികൊടുത്ത്‌, മാളുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ, അവൾ ചിരിക്കുന്നുണ്ടായിരുന്നു.


"ഇനിയെന്റെ ഇഷ്ടം പറയാൻ വേണ്ടി അവളഭിനയിക്കുകയായിരുന്നോ.?"

നിലാവ് തോറ്റുപോകുന്ന ശോഭയായിരുന്നു അവളുടെ പുഞ്ചിരിക്ക്.!


ആ ചിരിയിൽ ലയിച്ചുനിന്നപ്പോൾ, അമ്മയുടെ നിലവിളി കേട്ടു. അവളുടെ മരവിച്ച കൈപിടിച്ചമ്മ എങ്ങിയേങ്ങി കരയുകയാണ്.


അവൾ മടങ്ങിയിരിക്കുന്നു.!!

മാളുവെന്റെ ഇഷ്ടം അറിഞ്ഞനിമിഷം കൂടുവിട്ട് പറന്നകന്നിരുന്നു.


ഇന്നവളുടെ ഡയറിയിൽ മുഖം ചേർത്തിരുന്നപ്പോൾ,അവളെന്റെ അരികിലുണ്ടെന്ന് മനസ് പറയുന്നുണ്ടായിരുന്നു.


"ഇത്രവേഗം ഞാനെന്റെ ഇഷ്ടം പറയേണ്ടിയിരുന്നില്ല, അതുവരെയെങ്കിലും അവളെന്റെ കൺമുമ്പിൽ ഉണ്ടാകുമായിരുന്നു"


അരികിലൂടെ ഒരുതണുത്ത കാറ്റ് കടന്നുപോയി.


ഡയറിയിലേക്ക് കണ്ണുനീർ ഉതിർന്ന് വീണപ്പോൾ,ആ വാക്കുകൾ അവളെ പോലെ മന്ത്രിക്കുകയുണ്ടായി.

"എന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പേട്ടന്."...

Wednesday, July 28, 2021

ദൈവത്തിനൊരു കത്ത്


ഭൂമിയിലേക്കുള്ള എന്റെ യാത്ര ഞാൻ അത്രയേറെ ആഗ്രഹിച്ചതാണ്.ആകാശത്തെ മാലാഖമാർ ഭൂമിയിലെ മനുഷ്യരുടെ സ്നേഹം വാഴ്ത്തിപാടിയപ്പോൾ എപ്പോഴോ ആഗ്രഹിച്ചുപോയി. അമ്മയുടെ ഉദരത്തിൽ എന്റെ ജന്മം ഉടലെടുത്ത മുതൽ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും.അമ്മ ഏട്ടന് താരാട്ട് പാടിയപ്പോൾ ആ രാഗത്തിൽ ഞാനും മയങ്ങിപ്പോയി.ഞാൻ ഉദരത്തിൽ ഉണ്ടെന്നറിഞ്ഞപ്പോൾ അമ്മയുടെ സന്തോഷം ഹൃദയതാളങ്ങളിൽ അലിഞ്ഞുചേർന്നിരുന്നു. അമ്മയുടെ ഹൃദയം പോലും മതിമറന്നു ആസ്വദിക്കുകയായിരുന്നു എന്റെ വരവ്. ഏട്ടനെന്നെ വാവേയെന്ന് വിളിച്ച് വയറിൽ കൈചേർത്തപ്പോൾ, ഒരുപാട് സന്തോഷായി. അച്ഛനും ഈ വിവരം അറിഞ്ഞതോടെ വീട് സന്തോഷത്താൽ മുങ്ങുന്നത് ഞാനറിഞ്ഞു.മധുരമുള്ളതും രുചിയേറിയതുമായ ഭക്ഷണങ്ങൾ അമ്മ എനിക്ക് പകുത്തുനല്കുന്നുണ്ടായിരുന്നു. സന്തോഷത്തിന്റെ നാളുകൾക്ക് വിരാമമിട്ടുകൊണ്ട്, ഒരുദിനം കടന്നുവന്നു. അമ്മ ഒന്നും കഴിക്കാതെയായി. എനിക്ക് നല്ല വിശപ്പ്‌ തോന്നി. മണിക്കൂറുകളോളം പട്ടിണി കിടന്നു. ഒരുതുള്ളി വെള്ളം പോലും കിട്ടാതെ, തീർത്തും അവശയായി. ഏട്ടന്റെ കളിചിരികളോ,അമ്മയുടെ തലോടലുകളോ ഇല്ലാതെ,മണിക്കൂറുകൾ കടന്നുപോയി. അമ്മയുടെ മനസ്സിന്റെ വേദന ഞാനറിയുന്നുണ്ടായിരുന്നു.

അമ്മയുടെ ഹൃദയം എനിക്കെന്തോ ആപത്തുവരുന്നെന്ന രീതിയിൽ അതിവേഗം മിടിക്കാൻ തുടങ്ങി.ഇതിനകം തന്നെ എന്റെ കുഞ്ഞിക്കാലുകളും കൈകളും തലയും ഒക്കെ വളർന്നു തുടങ്ങിയിരുന്നു. എന്തിനേറെ, എന്റെ കുഞ്ഞുഹൃദയം വരെ മിടിക്കാൻ തുടങ്ങി. അമ്മ മണിക്കൂറുകൾക്ക്ശേഷം ഭക്ഷണം കഴിച്ചു. എന്നിലെ വിശപ്പിന്റെ അഗ്നി പതിയെ കെട്ടടങ്ങി.അമ്മ പതിയെ എന്നോട് കൈചേർത്ത് വെച്ച് തേങ്ങിയത് ഞാനറിഞ്ഞു. എന്തിനാണിത്ര വേദനയെന്ന് മാത്രം ഞാനറിഞ്ഞില്ല.കുറച്ചു കഴിഞ്ഞപ്പോൾ, നിറയെ ആളുകളുള്ള എവിടെയോ എത്തിപ്പെട്ടതായി തോന്നി. ബഹളങ്ങൾ നിറഞ്ഞ എവിടെയോ? അമ്മയുടെ ബോധം മറയുന്നത് ഞാനറിഞ്ഞു. എങ്കിലും അമ്മയപ്പോഴും വിഷമിക്കുന്നത് ഞാനറിഞ്ഞു.മൂർച്ചയുള്ള കത്രികകളും കത്തിയും എനിക്ക് നേരെ പാഞ്ഞടുത്തു. ആദ്യം എന്റെ വളർന്നു തുടങ്ങിയ കുഞ്ഞിക്കാലുകളായിരുന്നു അവരുടെ ലക്ഷ്യം.ഭൂമിയിൽ പിച്ചവെച്ചു നടക്കാൻ കൊതിച്ച എന്റെ കുഞ്ഞിക്കാലുകൾ വെട്ടിയപ്പോൾ ഞാനൊന്ന് പിടഞ്ഞു. പിന്നെയെന്റെ ഏട്ടന്റെ കൈകളിൽ തൂങ്ങിനടക്കാൻ കൊതിച്ച എന്റെ കുഞ്ഞികൈകൾ അവർ വെട്ടിയെറിഞ്ഞു. ശബ്ദമോ, ചലനമോ ഇല്ലാത്ത ഞാനെങ്ങനെ അവരെ എതിർക്കും...
നിമിഷങ്ങൾക്കകം അവരെന്നെ വെട്ടിയരിഞ്ഞു.


നിമിഷനേരം കൊണ്ട് എന്റെ കുഞ്ഞുടലിൽ നിന്നും ആത്മാവ് വേർതിരിഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ചുറ്റും കൂടിയിരുന്ന ഡോക്ടറിൽ നിന്നുമറിഞ്ഞു പെണ്ണായി പിറക്കാൻ പോയതിന്റെ ശിക്ഷയാണ് ഞാനിപ്പോൾ അനുഭവിച്ചതെന്ന്. അച്ഛന് പെൺകുഞ്ഞിനെ വേണ്ടത്രേ. മനുഷ്യരൂപം പ്രാപിച്ചിരുന്നില്ലയെങ്കിലും എനിക്കൊരു ഹൃദയമുണ്ടായിരുന്നു, ഒരു മനസുണ്ടായിരുന്നു. സ്വന്തം രക്തം ആയിരുന്നിട്ടും, പെണ്ണായിപോയതിനു എന്നോടിങ്ങനെ ചെയ്ത അച്ഛനോട് അമർഷം തോന്നി.കൂടാതെ,പെൺമക്കളെ പൊന്നുപോലെ നോക്കുന്നവരോട് ബഹുമാനവും.വെട്ടിയെറിഞ്ഞ കുഞ്ഞുടൽ കുപ്പയിലെറിഞ്ഞപ്പോൾ, തെരുവുനായകൾ കടിച്ച് കുടഞ്ഞപ്പോൾ, മനുഷ്യനായി ജീവിക്കാൻ കൊതിച്ച നിമിഷങ്ങളെ ഞാൻ വെറുത്തു. അപ്പോഴും,അമ്മയെയും അച്ഛനെയും അറിയാതെ പോലും ശപിക്കാതിരിക്കാൻ ശ്രദ്ധിച്ചു. എന്തൊക്കെ പറഞ്ഞാലും എന്റെ അച്ഛനും അമ്മയുമല്ലേ !. എങ്ങനെ ഞാൻ ശപിക്കും?. ഇപ്പോൾ ഞാൻ മടങ്ങുകയാണ് എന്റെ ലോകത്തേക്ക്.എന്നെ കണ്ടയുടനെ മാലാഖമാർ ഓടിവന്നു. വേദനകൾ ഓടിമറഞ്ഞു. ഇവിടെയിരുന്ന് ഞാൻ കാണുന്നുണ്ട്,അമ്മയുടെ വിഷമം.അമ്മയ്‌ക്കൊരു കുഞ്ഞിനെ കൊടുക്കണേ ദൈവമേ... അല്ലെങ്കിൽ വേണ്ട, ഇനിയും അതൊരു പെൺകുഞ്ഞാണെങ്കിലോ !

അത്രയ്ക്കും വേദനയാണ് ദൈവമേ, ഉടൽ വെട്ടിയരിയുമ്പോൾ, പ്രാണൻ വിട്ടകലുമ്പോൾ,ആർക്കും വേണ്ടെന്നറിയുമ്പോൾ... ഇനി ഇതുപോലൊരാനുഭവും ഒരു പെൺകുഞ്ഞിനും വരാതിരിക്കട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു
                       എന്ന്
  ജനിക്കാതെ പോയ മാലാഖ

Sunday, July 25, 2021

അച്ഛൻ ❤️


 അച്ഛൻ...


സ്ത്രീധനം വേണ്ടെന്നു നിശ്ചയസമയത്ത് പറഞ്ഞുവെങ്കിലും,

കല്യാണമടുത്തപ്പോൾ അവർ മട്ടുമാറി.


അയാളെ രഹസ്യമായികണ്ട് അവർ വലിയൊരു സ്ത്രീധനം ചോദിക്കയാണുണ്ടായത്.


മകളോട് ഈ കല്യാണം വേണ്ടായെന്ന് പറയാൻ

അയാൾ വീട്ടിലേക്ക്

ചെന്നപ്പോൾ,അവൾ അങ്ങേയറ്റം സന്തോഷത്തിലായിരുന്നു..


ആ കണ്ണിൽ നീർക്കണങ്ങൾ ഇടംപിടിക്കാൻ അയാൾ ആഗ്രഹിച്ചില്ല..


കല്യാണദിവസങ്ങൾ അടുത്തുതുടങ്ങി.


കിട്ടാവുന്നിടത്തുനിന്നൊക്കെ,

കടം വാങ്ങി,വീട് ആരും അറിയാതെ പണയം വെച്ചു.


ഹാൾദിയും കല്യാണതലേന്നും ആഘോഷഭരിതമാക്കുമ്പോഴും,

കീശ കാലിയാവുന്നതയാൾ ഗൗനിച്ചില്ല..


മോൾ പ്രത്യേകിച്ച് ആഗ്രഹമൊന്നും പറഞ്ഞില്ലെങ്കിലും,

അവൾക്കിഷ്ടമുള്ള വയലറ്റ് ഡെയ്സി പൂക്കളാൽ,പന്തൽ അലങ്കരിക്കപ്പെട്ടു.

 

തന്റെ ഇഷ്ടങ്ങളൊക്കെ പറയാതെ തന്നെ

മനസ്സിലാക്കുന്ന അച്ഛനെ അവൾ ഇറുക്കെ പുണർന്നു.


കടംവാങ്ങിയായാലും,സ്വർണവും

അവളുടെ ആഗ്രഹങ്ങളും നടത്തികൊടുത്ത നിർവൃതിയിൽ അയാളും പൊട്ടികരഞ്ഞുപോയി.


ഇന്ന് കല്യാണദിവസമാണ്..


സർവാഭരണവീഭൂഷിതയായി വന്ന വധുവിനെ കണ്ട് അടക്കം പറച്ചിലുകൾ തുടങ്ങി..

"ഞങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല,അവരുടെ മകൾക്ക് സ്നേഹത്തോടെ നൽകുന്നതല്ലേ അതെങ്ങനെ സ്ത്രീധനമാകും."

ചില ന്യായീകരണങ്ങൾ അവിടെ മുഴങ്ങികേട്ടു.


ഒരച്ഛന്റെ സ്വപ്നസാഫല്യമെന്നോണം വിവാഹം മംഗളകരമായി നടന്നു.


വരന്റെ വീട്ടിലേക്ക് പോകുംമുമ്പ് അയാൾ മകളെ ഇറുക്കെകെട്ടിപിടിച്ചു കരഞ്ഞുപോയി..


മകളെ നല്ലോണം നോക്കിക്കോണേയെന്ന് പറഞ്ഞയാൾ മകളെ നെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ച് വരന്റെ കയ്യിലേൽപ്പിച്ചു..


കടംകൊണ്ട് പൊറുതിമുട്ടിയാലും അവൾ സന്തോഷത്തോടെയിരുന്നാൽ മതിയെന്നയാൾ ആഗ്രഹിച്ചു.


മകൾ വീടുവിട്ടുമാറിനിന്നാൽ പോലും വേദനിക്കുന്ന അച്ഛന്റെ ഹൃദയം നീറുകയായിരുന്നു..


പെയ്യാതെ പിടിച്ചുവെച്ച കണ്ണും അലറിവിളിക്കുന്ന ഹൃദയവുമായി അയാൾ കസേരയിലിരുന്നു,കാർ കാണാമറയത്തെത്തുംവരെ..


ഇനി പുതിയ ഉദ്യമങ്ങളുമായി നാളെ മുതൽ അധ്വാനിക്കണം..

കടം തീർക്കണം..

ചെറിയ സമ്പാദ്യങ്ങൾ

നീക്കിവെക്കണം..


ഉത്തരവാദ്യങ്ങൾ കൂടുകയാണ്..

അടുത്ത മകളും വളർന്നുവന്നിരിക്കുന്നു...

പ്രിയപ്പെട്ടവർക്കിത്തിരി സന്തോഷം നൽകിയാലോ.?

  നമ്മുടെ പിറന്നാൾ ഓർക്കുകയും,ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മയുടെ പിറന്നാളിന്,കെട്ടിപിടിച്ചൊരു wish പറഞ്ഞാലോ.! ഗിഫ്‌റ്റോ...